Saturday, April 21, 2012

അഗ്നി ചിറകുള്ളവള്‍ - ടെസി

അഗ്നി-5ന്റെ പരീക്ഷണവിജയത്തോടെ മിസൈല്‍രംഗത്ത്, റഷ്യ, അമേരിക്ക, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സ്ഥാനം നേടിയിരിക്കുന്നു. 50 ടണ്‍ ഭാരമുള്ള ഈ മിസൈലിന് 1.1 ടണ്‍ ഭാരമുള്ള ആണവപോര്‍മുന വഹിക്കാന്‍ കഴിയും.  ഇതോടെ രാജ്യം ICBM CLUB ഇല്‍ അംഗമായി. 

 19 നു വ്യാഴാഴ്ച പുലര്‍വെളിച്ചത്തിലേക്ക് അഗ്നി-5 കുതിച്ചുയര്‍ന്നതോടെ മിസൈലിന്റെ മുഖ്യ ശില്‍പി  - "Missile Woman"  ടെസി തോമസിന്റെ കുടുംബവീടായ ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ വീട്ടില്‍ ആഹ്ലാദത്തിന്റെ പൂത്തിരി.  വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഉടന്‍ ആലപ്പുഴ വീട്ടിലേക്ക് വിളിച്ച് അമ്മ കുഞ്ഞമ്മയുമായി ആഹ്ളാദം പങ്കുവെയ്ക്കാന്‍ ടെസി മറന്നില്ല.  വ്യാഴാഴ്ച രാവിലെ വിക്ഷേപണം നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് അമ്മയെ വിളിച്ച് വിവരം അറിയിക്കുകയും പ്രാര്‍ഥിക്കണമെന്ന് പറയുകയും ചെയ്തിരുന്നു. 

ജീവിത യാത്രയില്‍  ടെസിയും കുടുംബവും നിരവധി "അഗ്നിപരീക്ഷണങ്ങള്‍" നേരിട്ടിട്ടുണ്ട്. വെല്ലുവിളികള്‍ ഒന്നൊന്നായി മുന്നിലെത്തുമ്പോഴും പതറാതെ മുന്നേറാന്‍ ടെസിയെ പ്രാപ്തയാക്കിയതും അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച മനക്കരുത്താണ്. തോമസിന്റെയും കുഞ്ഞമ്മയുടെയും ആറുമക്കളില്‍ നാലാമത്തേതാണ് ടെസി.   ചെറുപ്പം മുതല്‍തന്നെ ടെസ്സിക്ക് കണക്കിലും ശാസ്ത്രത്തിലും താല്‍പര്യമുണ്ടായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്ന് സ്റ്റഡി ടൂറായി തുമ്പയില്‍ പോയതിനു ശേഷമാണ് മിസൈലുകളെ കുറിച്ച് അറിയാനുള്ള താല്‍പര്യം വളര്‍ന്നത്‌. 20 വര്‍ഷംമുമ്പ് പിതാവ്  ടി ജെ തോമസ് മരിച്ചു. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന അദ്ദേഹം മരിക്കുന്നതിന് 18 വര്‍ഷംമുമ്പ് ഒരുവശം തളര്‍ന്ന് കിടപ്പായി. ആ സമയത്ത് മൂത്ത സഹോദരി  റൂബി പ്രീഡിഗ്രി വിദ്യാര്‍ഥിനിയാണ്. തുടര്‍ന്ന് പിതാവിന്റെ സഹോദരന്മാരുടെ സഹായത്താലാണ് കുടുംബം പുലര്‍ന്നതും  വിദ്യാഭ്യാസം നടത്തിയതും.  ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ഈ കാലമാണ് ടെസ്സിക്കും സഹോദരങ്ങള്‍ക്കും പഠിക്കാനും ഉയര്‍ന്ന നിലയിലെത്താനും പ്രചോദനമായത്.

 2011 നവംബര്‍ 15ന് അഗ്നി-4 വിജയകരമായി വിക്ഷേപിച്ചതിനുശേഷം അമ്മയുടെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ ഡിസംബര്‍ 8ന് ടെസ്സി ആലപ്പുഴയില്‍  എത്തിയിരുന്നു.  ടെസി എന്ന പേര് ലോകം അറിയുന്നു.  "അഗ്നിക്ക് ചിറകുനല്‍കിയവള്‍" എന്ന് ടെസി അറിയപ്പെടും.


No comments:

Post a Comment